മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് അവസാനഘട്ടത്തില്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഭൂമി വ്യോമയാന മന്ത്രാലയത്തിന് കൈമാറുമെന്നും മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഭൂവുടമകളെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നഷ്ടപരിഹാരത്തുക കൃത്യമായി ഭൂവുടമകളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിക്കൊപ്പം കെട്ടിടവും മരങ്ങളും അടക്കമുളള കണക്കെടുപ്പാണ് പൂര്‍ത്തിയാക്കിയത്. പള്ളിക്കല്‍ വില്ലേജിലെ ഏഴ് ഏക്കര്‍ ഭൂമിയും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏഴര്‍ ഏക്കര്‍ ഭൂമിയുംഅടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. റണ്‍വേ വികസനത്തിനു ഭൂമി ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് ഭൂമി ഏറ്റെടുപ്പ് നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയത്.

