തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിൽ ഇടപെട്ട് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. സമർപ്പിച്ച റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് ഈ രീതിയിൽ അംഗീകരിക്കാനാവില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ് ഇബി ചെയര്മാന് മന്ത്രി നിര്‍ദ്ദേശം നല്കി. വൈദ്യുതി ലൈനിന് താഴെ ഷെഡ് നിര്‍മിച്ചത് എട്ട് കൊല്ലം മുമ്പാണെന്നും വൈദ്യുതി ലൈനിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഷെഡ്ഡ് സ്ഥാപിക്കാൻ സ്കൂള്‍ മാനേജ്മെന്റ് അനുമതി തേടിയിരുന്നില്ല. തറനിരപ്പില്‍ നിന്നും ഇരുമ്പ് ഷീറ്റില്‍ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണെന്നും
പിന്നീട് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരുടെ പേരോ അവര്‍ക്കെതിരായ നടപടിയെക്കുറിച്ചോ റിപ്പോര്‍ട്ടിൽ പരാമര്‍ശമില്ല. സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്കി അന്ന് തന്നെ പ്രശ്നം പരിഹരിക്കണമായിരുന്നുവെന്നും നിലവിലുള്ള അസിസ്റ്റന്റ് എന്‍ജിനീയറെ കുറ്റപ്പെടുത്താനാവില്ലെന്നും ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാലത്തല്ലെന്നും അപകടത്തിന് രണ്ട് ദിവസം മുമ്പ് പോസ്റ്റ് സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍ദ്ദേശിച്ചതാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


