കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും ദൗത്യം പുനഃരാരംഭിക്കും. രക്ഷാ ദൗത്യത്തിന് ഇരുട്ട് പ്രതിസന്ധി. ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു
ഇന്നത്തെ തെരച്ചിൽ വിഫലമെന്ന് കാർവാർ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഈശ്വർ മാൽപെ നാളെയും തുടരുമോയെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. ചെളിയും മണ്ണും മരവും പ്രശ്നമാകുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.


