തിരുവനന്തപുരം: അമ്പൂരിയിൽ രാഖി എന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിൽ അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ അറസ്റ്റിലായത്. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ അഖിലിനെ പൊലീസ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മുഖത്തെ മീശയടക്കം വടിച്ചാണ് അഖിൽ എത്തിയത്. എന്നാൽ പൊലീസ് ഇയാൾ വരുന്നുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിൽ നേരത്തേ അറസ്റ്റിലായ അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ കുറ്റം സമ്മതിച്ചിരുന്നു. കഴുത്ത് ഞെരിച്ച് രാഖിയെ കൊന്നത് അഖിലാണെന്നാണ് മൊഴി. രാഖിയുടെ വസ്ത്രങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചെന്ന് രാഹുൽ മൊഴി നൽകി. രാഖിയുടെ കഴുത്ത് ഞെരിച്ചത് അഖിലാണെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. വസ്ത്രങ്ങൾ അഴിച്ചു മാറ്റിയാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയത്. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ മൃതദേഹത്തിൽ ഉപ്പുവിതറി. പിടിക്കപ്പെടാതിരിക്കാൻ പറമ്പു മുഴുവൻ കിളച്ച് മറിയ്ക്കുകയും ചെയ്തു. ചോദിച്ചവരോടൊക്കെ പറഞ്ഞത് കവുങ്ങ് നടാനാണ് പറമ്പ് കിളയ്ക്കുന്നതെന്നാണ്.
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രാഖിയെ കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നത്. ആദ്യം വാഹനം ഓടിച്ചിരുന്നത് അഖിലാണ്. വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായതോടെ വാഹനം നിര്‍ത്തി അഖില്‍ പിന്‍സീറ്റിലേക്ക് പോയി. പിന്നെ താന്‍ വാഹനം ഓടിച്ചു. ഇതിനിടെ, മുന്‍സീറ്റിലിരുന്ന രാഖിയുടെ കഴുത്ത് അഖില്‍ ഞെരിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിയ ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കിയത് താനാണ്. രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.

