ബാര്‍ കോഴ ആരോപണത്തില്‍ ബാറുടമ അനിമോന്റെ മൊഴി പുറത്ത്. പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അനിമോന് ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴിയിലുള്ളത്. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചെന്നും ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു . കെട്ടിടം വാങ്ങാന്‍ ഇടുക്കിയില്‍ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്നാണ് ശബ്ദരേഖയിട്ടതെന്നും അനിമോന്റെ മൊഴിയിലുണ്ട്.
45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേയയിട്ടത്. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. അനിമോന്റെ കോട്ടയം കുറവിലങ്ങാട് ഉള്ള സാനിയോ ഹോട്ടലിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നര വരെ നീണ്ടു.പണം പിരിക്കാൻ ആവശ്യപ്പെട്ടത് നയമാറ്റത്തിനു വേണ്ടിയല്ല പുതിയ ആസ്ഥാന മന്ദിരം ഉണ്ടാക്കാൻ വേണ്ടിയാണന്ന വിശദീകരണവുമായാണ് അനി മോൻ വീണ്ടുമെത്തിയത്.


