മദ്യപ്രേമികള്‍ക്ക് ഇനി ഒട്ടും കാത്തിരിക്കാതെ തന്നെ ബെവ്ക്യൂ ഡൗണ്‍ലോഡ് ചെയ്യാം. ബെവ്ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ന് രാവിലെ നടത്തിയ ട്രയല്‍ റണ്ണില്‍ വന്‍ സ്വീകരണമാണ് ബെവ്ക്യൂ ആപ്പിന് ലഭിച്ചത്. മിനിറ്റുകള്‍ക്കൊണ്ട് പതിനായിരകണക്കിന് ആളുകളാണ് ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. രണ്ട് മിനിറ്റില്‍ ഇരുപതിനായിരത്തോളം പേര് ബെവ് ക്യൂ ആപ്പിന്റെ ബീറ്റാവേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനി അറിയിച്ചു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകളാണെന്നും അവയൊന്നും തന്നെ വാലിഡ് അല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ആപ്പിന്റെ വിശദവിവരങ്ങള്‍ പുറത്തു വിടും. ഇതിനു ശേഷമാകും ആപ്പ് ഔദ്യോഗികമായി പ്ലേ സ്റ്റോറില്‍ എത്തുന്നത്. 35 ലക്ഷം പേര്‍ക്ക് വരെ ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയത് എന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് സൊല്യൂഷന്‍സ് അവകാശപ്പെടുന്നത്.
പിന്‍കോഡ് വഴി ഉപഭോക്താവിന് അടുത്തുള്ള മദ്യവില്പനശാലയില് പ്രവേശിക്കാനുള്ള ടോക്കണ്‍ ആപ്പിലൂടെ ലഭിക്കും. ഇതുമായി നിര്‍ദേശിക്കപ്പെട്ട മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. നാളെ മുതലാണ് സംസ്ഥാനത്ത് മദ്യവില്പന പുനരാരംഭിക്കുന്നത്. അങ്ങനെ ഏറെ കാത്തിരിപ്പിനൊടുവില്‍ ബെവ്ക്യൂ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുകയാണ്.


