കൊല്ലം: ചികിത്സ കിട്ടാതെ പതിനാറുകാരി മരിച്ച സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് ഇവരെ തമിഴ്നാട്ടിലെ തീർഥാടന കേന്ദ്രത്തിൽ കൊണ്ടു പോയ ഇരവിപുരം സ്വദേശിയാണ് അറസ്റ്റിലായവരിൽ ഒരാൾ.
ഇക്കഴിഞ്ഞ ഏപ്രിൽ 12നു തമിഴ്നാട്ടിലെ തിരുനെൽവേലി ആറ്റിൻകരയിൽ ഒരു ലോഡ്ജിലാണു മുതിരപ്പറമ്പു സ്വദേശിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവു നേരത്തേ മരിച്ച പെൺകുട്ടിയുടെ അച്ഛൻ വിദേശത്താണ്. ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു കുട്ടി നാട്ടിൽ കഴിഞ്ഞിരുന്നത്.
കൊല്ലം കൊച്ചുമക്കാനി പള്ളിപുരയിടത്തിൽ മുംതാസ് (49), കുരീപ്പുഴ മുതിരപ്പറമ്പു പള്ളി പടിഞ്ഞാറ്റതിൽ ജെരീന (54), ഇരവിപുരം വാളത്തുംഗൽ എൻഎസ് മൻസിലിൽ നൗഷാദ് (ബായി ഉസ്താദ് –48) എന്നിവരെയാണു വെസ്റ്റ് സിഐ ബി.അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പനി ബാധിച്ച പെൺകുട്ടിയെ നിർബന്ധത്തിനു വഴങ്ങി ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും ഡോക്ടർമാർ കുറിച്ച മരുന്നുകൾ വാങ്ങിക്കുകയോ ടെസ്റ്റുകൾ നടത്തുകയോ ചെയ്തില്ലെന്നു പൊലീസ് പറഞ്ഞു. പകരം ബായി ഉസ്താദിന്റെ വാക്കുകൾ കേട്ടു മന്ത്രവാദം നടത്തിയും വിവിധ മതതീർഥാടന കേന്ദ്രങ്ങളിൽ കൊണ്ടു പോയി പ്രാർഥിച്ചും അസുഖം ഭേദമാക്കാനായിരുന്നു ശ്രമം.
ഇത്തരത്തിൽ തിരുനെൽവേലിയിലെ തീർഥാടന കേന്ദ്രത്തിനു സമീപത്തെ ലോഡ്ജിൽ കഴിയുമ്പോഴാണു രോഗം മൂർച്ഛിച്ചു പെൺകുട്ടി മരിച്ചത്. മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ന്യുമോണിയയാണു മരണ കാരണം എന്നു വ്യക്തമായിരുന്നു.

