കൊല്ലം: കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപിന്റെ മകൾ ദേവനന്ദയെ (പൊന്നു) കാണാതാകുന്നത്. പ്രദീപ് ഗൾഫിലാണ്. അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ ദേവനന്ദയെ കണ്ടില്ല. വീടിന് സമീപത്ത് വേറെ വാഹനങ്ങൾ വന്ന ശബ്ദം കേട്ടില്ലെന്നും ധന്യ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാനും പോകാറില്ല.
കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളും ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. കുട്ടിയെ കിട്ടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.