കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കൊച്ചിയിലെത്തി തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ വിലയിരുത്തി. വിവിധ ജില്ലകളിലെ പ്രവർത്തകരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൊച്ചിയിലെത്തിയത്. ഡിസിസി ഓഫീസില്‍ ചേർന്ന യോഗത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ തവണ കൈവിട്ടുപോയ ചാലക്കുടി, ഇടുക്കി മണ്ഡലങ്ങള്‍ എന്തു വിലകൊടുത്തും തിരിച്ചു പിടിക്കണമെന്ന് മുകുള്‍ വാസ്നിക്ക് പ്രവർത്തകർക്ക് നിർദേശം നല്കി. ഇതിനായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രൂപീകരിച്ച ‘ജനസമ്പർക്ക അഭിയാന്’ ശക്തമാക്കാനും നിർദേശിച്ചു. ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്നതാണ് ജനസമ്പർക്ക അഭിയാന്റെ മുദ്രാവാക്യം. ബൂത്ത് തലംമുതല്‍ പ്രചാരണ പ്രവർത്തനങ്ങള്‍ ശക്തമാക്കാനും പ്രവർത്തകർക്ക് നിർദേശം നല്കി.

