ഇടുക്കി: ഇടുക്കി അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും. ബിജുവിന്റെ മകൾ പഠിക്കുന്ന നഴ്സിംഗ് കോളജ് ഇക്കാര്യം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്മാന് ജോജി തോമസുമായി സംസാരിച്ചു.
കോഴ്സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്.


