തൃശൂർ വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ മോഹൻ കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ. 2020 മേയ് മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്.മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്റെ സിസ്റ്റം നിയന്ത്രണം മുഴുവന്‍ ധന്യാ മോഹന്റെ കൈയ്യിലായിരുന്നു. ധന്യയുടെയും മറ്റ് നാലു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്.


