മട്ടാഞ്ചേരി : വെണ്ടുരുത്തി പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉജ്വല ജനമുന്നേറ്റം. ചരിത്രാവശേഷിപ്പുകളിലൊന്നായ വെണ്ടുരുത്തി പാലം സംരക്ഷിക്കണമെന്നും വാത്തുരുത്തി മേല്‍പ്പാലം ഉടന്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ കണ്ണികളായി.
വാത്തുരുത്തി റെയില്വേലൈന്മുതല് വെണ്ടുരുത്തി പാലംവരെ കൈകോര്‍ത്തുനിന്ന ജനങ്ങള്‍ ഒരേസ്വരത്തില്‍ പ്രതിജ്ഞയെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, ചലച്ചിത്രതാരം വിനയ്ഫോര്‍ട്ട് തുടങ്ങിയവരും കണ്ണികളായി. മനുഷ്യച്ചങ്ങലയ്ക്കുശേഷം വെണ്ടുരുത്തി പാലത്തിനു സമീപം തയ്യാറാക്കിയ വേദിയില്‍ ചേര്‍ന്ന യോഗം പി രാജീവ് ഉദ്ഘാടനംചെയ്തു.
പൈതൃകസമ്പത്തായ വെണ്ടുരുത്തി പാലത്തെ സംരക്ഷിക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. അമ്പരപ്പിക്കുന്ന നിര്മാണചാതുര്യമാണ് വെണ്ടുരുത്തി പാലം. അതിന്റെ നിര്മാണവിദ്യയ്ക്കുതന്നെ പ്രാധാന്യമുണ്ട്. സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്ത കാലത്ത് ബ്രിസ്റ്റോയുടെ നേതൃത്വത്തില്‍ നിര്‍മിച്ചതാണ് ഈ പാലങ്ങള്‍.
റെയില്‍വേപ്പാലം പൊളിച്ചുനീക്കാന്‍ അധികൃതര്‍ അനുമതി നല്കി. ഇതിന്റെ ഭാഗമായി റോഡ് പാലത്തില്‍ വന്ക്രെയിനുകള് കയറ്റി ബലക്ഷയം വരുത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഇടപെട്ട് ക്രെയിന്‍ മാറ്റാന്‍ നടപടി സ്വീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി യില്ലാതെയാണ് ക്രെയിന്‍ കയറ്റിയത്. റോഡ് പാലം സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനടക്കമുള്ളവര്‍ കണ്ടുവളര്‍ന്ന ഈ പാലങ്ങള്‍ സംരക്ഷിക്കാനുള്ള ഏതൊരു പ്രവര്‍ത്തനത്തിനും ഒപ്പമുണ്ടാകുമെന്ന് നടന് വിനയ്ഫോര്‍ട്ട് പറഞ്ഞു. യോഗത്തില്‍ ബി ഹംസ അധ്യക്ഷനായി. സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്, ഇ കെ മുരളീധരന്, കെ ജെ ആന്റണി, കെ എ എഡ്വിന്, മനോഹരന് എന്നിവര്‍ സംസാരിച്ചു. വിപിന്‍രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.