നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനൈ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ
പിതാവിനെതിരെ ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും. അമ്മ കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.നാളെ പിതാവ് ഷിജിലിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും.ഷിജിനെതിരെ നിലവിൽ കൊലപാതക കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഷിജിലിന് സ്ത്രീധനമായി നൽകിയ വസ്തുവിനെ ചൊല്ലി ഭാര്യ കൃഷ്ണപ്രിയയെ ഉപദ്രവിച്ചതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.ഇതോടെ ആണ് കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള ആലോചന.ഗാർഹിക പീഡനത്തിൽ പ്രതിയുടെ ബന്ധുക്കൾക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കോടതിയിൽ ഹാജരാക്കിയ ഷിജിലിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. നാളെ ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പൊലീസ് നൽകും.
ഇക്കഴിഞ്ഞ 16ന് പുലർച്ചെ 3:00 മണിയോടെയാണ് ഒരു വയസ്സുകാരൻ അപ്പു എന്ന് വിളിക്കുന്ന ഇഹാനെ സ്വന്തം പിതാവ് ഷിജിൽ അതിക്രൂരമായി കൊലപ്പെടുത്തിയത്. പുലർച്ചെ അപ്പു കരഞ്ഞതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെട്ടതിനാലാണ് കുഞ്ഞിന്റെ അടിവയറ്റിൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.


