തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ്)യെ മണിക്കൂറുകള്‍ക്കകം മാറ്റി. ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്നാണു ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോള്‍ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതല്‍ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടഞ്ഞു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആര്.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പൊലീസിനു പിന്നീടു ലഭിച്ച വിവരം. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചു. പോക്സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ പിടിക്കാതെ മെഡിക്കല്‍ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നല്കി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. റെയ്ഡ് തടയാനും ഡിസിപിയെ പിന്തിരിപ്പിക്കാനും കീഴുദ്യോഗസ്ഥരില്‍ പലരും ശ്രമിച്ചെങ്കിലും ചൈത്ര നിലപാടില്‍ ഉറച്ചുനിന്നു. അതോടെ ഗത്യന്തരമില്ലാതെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കം ഒപ്പം ചേര്‍ന്നു. അതിനിടെ റെയ്ഡിനെ കുറിച്ചു ചില ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു വിവരം ചോര്‍ത്തി നല്‍കിയെന്നും ഉന്നതര്‍ സംശയിക്കുന്നു. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.

