രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലിനെതിരെ നടപടിയെടുത്തതാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ശബരിമല വിഷയത്തിൽ പദ്മകുമാറിനെതിരെ എന്തുകൊണ്ട് സിപിഐഎം നടപടിയെടുക്കുന്നില്ല?
‘രണ്ട് സിപിഎം നേതാക്കൾ സ്വർണം മോഷ്ടിച്ചതിന് ജയിലിലാണ്.സിപിഎം എന്ത് നടപടി സ്വീകരിച്ചു ?. എം.വി ഗോവിന്ദൻ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.പിണറായി വിജയൻ്റെ അടുത്ത ആളുകളാണ് പിടിയിലായത്. നടപടി എടുത്താൽ പാർട്ടിക്ക് നേരെ അവർ മൊഴി നൽകും എന്ന ഭയമുണ്ടാകും..’സതീശന് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും സതീശൻ പറഞ്ഞു. ഗൗരവകരമായ രീതിയിലുള്ള മാറ്റം സംസ്ഥാനത്തുടനീളം ഉണ്ടാകും. ചെറുപ്പക്കാർക്ക് നല്ല രീതിയിൽ സീറ്റ് നൽകണമെന്നാണ് തീരുമാനം. ഈ നിർദേശം പാലിക്കപ്പെട്ടുവെന്നും വി. ഡി സതീശൻ പറഞ്ഞു. സർക്കാരിന് എതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വെൽഫയർ പാർട്ടി മുന്നണിയുടെ ഭാഗമല്ലെന്നും സതീശൻ പറഞ്ഞു. ചില സ്ഥലങ്ങളിൽ അവർ പിന്തുണ നൽകിയിട്ടുണ്ട്. ആ പിന്തുണ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.


