ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച പശ്ചാത്തലത്തിൽ സർവജന സ്കൂൾ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ
ഇന്ന് വൃത്തിയാക്കും. പൂർവ വിദ്യാർത്ഥികളും സ്കൂൾ അങ്കണം സുരക്ഷിതമാക്കാൻ രംഗത്തിറങ്ങും. അതേസമയം വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിൽ തുടരുകയാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് ഷഹലയുടെ വീട് സന്ദർശിക്കും.
ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും ഹൈസ്കൂള്‍ , ഹയർ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


