തിരുവനന്തപുരം: ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്. അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നില്‍ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അതേസമയം ബാലഭാസ്ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു. വാഹനവും ഫൊറന്‍സിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

