തിരുവനന്തപുരം: പിഎം ശ്രീയിൽ അനുനയത്തിന് മന്ത്രി വി. ശിവൻകുട്ടി. എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കാണും. ബിനോയ് വിശ്വത്തെയും ജി.ആർ അനിലിനെയും സിപിഐ ഓഫീസിലെത്തി വിദ്യാഭ്യാസ മന്ത്രി കാണും. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായതിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
അതേസമയം പിഎം ശ്രീയിൽഎന്താണ് ഒപ്പിടാൻ ഉള്ള കാരണം എന്ന് ശിവൻകുട്ടി വിശദീകരിക്കണമെന്ന് മന്ത്രി. ജി ആർ അനിൽ പറഞ്ഞു. വിശദീകരണം തൃപ്തി ആകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.മന്ത്രിസഭയെ ഒഴിവാക്കി മന്ത്രിസഭ അറിയാതെ എന്തിന് ഒപ്പുവെച്ചുവെന്നും തൃപ്തിയാകുന്ന വിഷയം അല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പി എം ശ്രീയിൽ സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂ എന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. രണ്ടുതവണ മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോഴും അതൃപ്തി അറിയിച്ചിരുന്നു. 27ന് നടക്കുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി തീരുമാനം പറയും. യുഡിഎഫിലേക്ക് പോകേണ്ട യാതൊരു സാഹചര്യവും സിപിഐക്ക് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്കൂൾ പ്രത്യേകം വികസിപ്പിച്ച്, മികച്ച പഠന കേന്ദ്രമാക്കി മാറ്റുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം ശ്രീ. പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂര്‍ണമായ പേര്. വിദ്യാഭ്യാസ നയത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം പദ്ധതിയെ തുടക്കം മുതൽ എതിർക്കുന്നു. പിഎം ശ്രീ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കേണ്ടി വരും. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 14,500 സ്കൂളുകളെയാണ് സമഗ്രമായി നവീകരിയ്ക്കുക.


