കൊരട്ടി : വായ്പ കുടിശികയിൽ ജപ്തിനോട്ടിസ് ലഭിച്ചതിനെ തുടർന്ന് കൊരട്ടിയിൽ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാളുടെനില അതീവ ഗുരുതരം. ജപ്തി നടപടി നിർത്തിവച്ചതായി എം.എല്‍.എ. അറിയിച്ചു. കൊരട്ടി കാതിക്കുടം സ്വദേശിയായ വത്സന്റെ ഭാര്യ ഭാഗ്യലക്ഷ്മി, മകൻ അതുൽ കൃഷ്ണ, വത്സന്റെ അമ്മ തങ്കമണി എന്നിവരെയാണ് ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. വൽസൻ പുറത്തുപോയ സമയത്ത് ആയിരുന്നു ആത്മഹത്യാശ്രമം.
പായസത്തിൽ ഉറക്കഗുളിക കലർത്തി തങ്കമണിക്കും അതുൽ കൃഷ്ണയ്ക്കും നൽകിയത് ഭാഗ്യലക്ഷ്മി ആണെന്ന് കൊരട്ടി പോലീസ് കണ്ടെത്തി. തങ്കമണിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭാഗ്യലക്ഷ്മിയും അതുൽ കൃഷ്ണയും അപകടനില തരണം ചെയ്തു. ഹൃദ്രോഗിയായ അതുലിന് ചികിത്സ ചെലവിനാണ് സഹകരണ ബാങ്കിൽ നിന്ന് കുടുംബം വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങി. 22 ലക്ഷം രൂപയായി ബാധ്യത. റവന്യൂ റിക്കവറിയുടെ ഭാഗമായി നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


