ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം.അപകട സ്ഥലത്തേക്ക് എല്ലാ സജ്ജീകരണങ്ങളോടെയാണ് ഡൈവർമാർ തിരിച്ചരിക്കുന്നതെന്ന് അതുൽ പറഞ്ഞു. എമർജൻസ് റെസ്പോൺസ് സംഘം കർവാർ നേവൽ ബേസിലുണ്ട്.
ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികൾ ദില്ലിയിൽ നിന്നും രാജധാനി എക്സ്പ്രസിൽ എത്തിക്കുന്നുണ്ട്. 9:40 ന് ട്രെയിൻ കാർവാർ സ്റ്റേഷനിലെത്തും. കാർവാർ സ്റ്റേഷനിൽ നിന്ന് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഏതാണ്ട് ഒരു മണിക്കൂർ ദൂരമുണ്ട്. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്.


