പൂവാർ: രാഖിയുമായി അഖിലിന് 6 വർഷത്തെ പ്രണയമെന്നു പൊലീസ്. എന്നാൽ 4 വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി വിവാഹ നിശ്ചയവും കഴിഞ്ഞുവത്രേ. പുതിയ ബന്ധത്തെ രാഖി എതിർത്തിരുന്നുവെന്നും എന്തുവന്നാലും അഖിലുമായി മാത്രമേ താൻ കഴിയൂവെന്നും ഇവർ നിലപാടെടുത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരമെന്നു പൂവാർ പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈഎസ്പി: അനിൽകുമാർ, പൂവാർ സിഐ: രാജീവ്, എസ്ഐ: സജീവ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേ സമയം യുവതിയെ കയറ്റിക്കൊണ്ടു പോയ കാർ തമിഴ്നാട്ടിൽ നിന്ന് കണ്ടെടുത്തതായാണ് സൂചന. കാമുകൻ അഖിൽ ഈമാസം 20ന് തിരികെ ജോലിയിൽ പ്രവേശിക്കാൻ പോയെങ്കിലും 2 ദിവസം മുമ്പ് തിരികെയെത്തി. കാട്ടാക്കട തഹസിൽദാർ ആർ.ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസിൻ്റെയും സയന്റിഫിക് ടീമിൻ്റെയും സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. പ്രതികളിൽ ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. അഖിലിൻ്റെ സഹോദരനും കൊലയിൽ പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന


