പാലക്കാട് പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം. പ്രദേശത്തെ ആറ് പഞ്ചായത്തുകളിൽ ഉള്ളവർക്ക് നൽകിയിരുന്ന സൗജന്യമാണ് ടോൾ കമ്പനി അവസാനിപ്പിക്കുന്നത്. ജൂലായ് ഒന്നുമുതൽ ടോൾപിരിവ് തുടങ്ങുമെന്നാണ് ടോൾകമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്.മാർച്ച് ഒമ്പത് മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. സൗജന്യം അവസാനിപ്പിക്കുന്നതോടെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജനകീയ വേദിയുടെ തീരുമാനം.
29, 30 തീയതികളിൽ ഡി.വൈ.എഫ്.ഐ. വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയും ജൂലായ് ഒന്നിന് സി.പി.എം. വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയും സമരംനടത്തും. ബി.ജെ.പി. വടക്കഞ്ചേരിമണ്ഡലം കമ്മിറ്റിയും സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.രണ്ട് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഏകപക്ഷീയമായി ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് സംഭവിക്കാൻ ഇടയുള്ള വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസക്ക് സമീപം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.


