കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് കേരള ബാങ്കിനെ ആർബിഐ തരംതാഴ്ത്തിയത്.വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കേരളാ ബാങ്കിൻറെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്.മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി . റിസർവ്വ് ബാങ്കിൻറെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്.


