കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ പ്രാഥമികമായി തെളിവുകള്‍ ഇല്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യും. പ്രവാസി വ്യവസായി സാജന്റെ ഡയറി ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.
കൺവെൻഷൻ സെന്റര്‍ അനുമതിയിലുണ്ടായ തടസങ്ങൾ ഡയറിയില്‍ പരമാര്‍ശിക്കുന്നതിനാല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.എന്നാല്‍ പി കെ ശ്യാമളയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ഡയറിയില്‍ നിന്നും ലഭിച്ചില്ല.
അതേസമയം ശ്യാമളക്കെതിരെ സാജന്റെ കുടുംബം ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ശ്യാമളയുടെ നിര്‍ദ്ദേശ പ്രകാരം തന്നെയാണ് എല്ലാം നടന്നതെന്നായിരുന്നു സാജന്റെ ഭാര്യ ബീന ഇന്നലെ ആരോപിച്ചത്. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന് പാറയിൽ ആത്മഹത്യ ചെയ്തത്.


