പാലക്കാട്:അട്ടപ്പാടി ഗൂളിക്കാട് കനത്ത മഴയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കാൻ ഐസിയു ആംബുലൻസ് ലഭ്യമല്ലാതായതോടെ ചികിത്സ വൈകി.
കോട്ടത്തറ ആശുപത്രിയിലെ രണ്ട് ആംബുലൻസുകൾ കേടായതിനെത്തുടർന്ന് മാസങ്ങളായി സർവീസ് മുടങ്ങിയിരുന്നു. ഇതോടെ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിയാണ് ഫൈസലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്നതിനെ തുടർന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ എത്തുംമുമ്പ് മരിച്ചുവെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.


