തൃശൂര്‍: കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ള ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍. ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും കലക്ടര്‍ അറിയിച്ചു.
നിരോധനം തുടരാനുള്ള തീരുമാനത്തിന് എതിരെ ആന ഉടമകളുടെ സംഘടനകള്‍ രംഗത്തെത്തി. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
ശാരീരികാവശതകള്‍ രൂക്ഷമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ ആനപ്രേമികള്‍ രംഗത്തെത്തുകയായിരുന്നു.
അപകടകാരിയും കടുത്ത ആരോഗ്യപ്രശ്നങ്ങളുമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇക്കാര്യം പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതും എഴുന്നള്ളിപ്പുകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി ആനയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇത് ലംഘിച്ചാണ് ആനയെ ഉപയോഗിച്ചിരുന്നത്.
ഫെബ്രുവരി എട്ടിന് ഗുരുവായൂരില്‍ ഗൃഹ പ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പടക്കം പൊട്ടിയതിനെ തുടര്‍ന്ന് ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഈ സംഭവത്തിലുള്ള പരാതിയിലെ അന്വേഷണമാണ് എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കുന്നതിന് കാരണമായത്.