കോഴിക്കോട്: വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചതായി എം.കെ മുനീർ. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പല വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു. വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
” കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ടുണ്ട്. ഇതുവരെ അവരോട് ഞാൻ ഒന്നും പറഞ്ഞില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് പറയാതിരുന്നതാണ്. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കിൽ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കിൽ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്. എംഎൽഎ എന്ന നിലയ്ക്കും മന്ത്രി എന്ന നിലയ്ക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. എന്റെ പിതാവിന് ശേഷം എന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണ്” മുനീര്‍ പറഞ്ഞു.
വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു. നിലവില്‍ വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 49 ലക്ഷമായി കുറച്ചു. ആ തുക മാര്‍ച്ച് 31-നകം അടച്ചുതീര്‍ക്കുമെന്നാണ് ബാങ്കിന് ലഭിച്ചിരിക്കുന്ന ഉറപ്പ്.
വീടിന്റെ ജപ്തി തന്റെ വ്യക്തിപരമായ കാര്യമാണെന്നും അത്തരം കാര്യങ്ങളില്‍ പാര്‍ട്ടിയോട് സഹായം തേടാറില്ലെന്നും മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജപ്തിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


