തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍. ഡ്രൈവറേയും കണ്ടക്ടറേയും ഡ്യൂട്ടിയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയേക്കും. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയെടുക്കാന്‍ തീരുമാനമായിരിക്കുന്നത്.
തിരുവനന്തപുരത്തെ കോളജ് വിദ്യാര്‍ഥികളാണ് രാത്രി കട്ടപ്പനയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയത്. പെണ്‍കുട്ടികളെ വെഞ്ഞാറമൂട്ടില്‍ ഇറക്കാതെ മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റോപ്പില്‍ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി. ടിക്കറ്റിന് അമിതമായി പണം ഈടാക്കിയതായും കുട്ടികള്‍ ആരോപിച്ചിരുന്നു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയുമായിരുന്നു.


