വിവാഹം കഴിക്കാത്തവരും ,വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബർ അവസാനത്തോടെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ കെമിക്കൽ കമ്പനി. ജനുവരിയിലാണ് ഷുണ്ടിയന് കെമിക്കൽ കമ്പനിയിലെ 28 നും 58 നും ഇടയിൽ പ്രായമുള്ള ജീവനക്കാരെ ലക്ഷ്യമിട്ട് ഇങ്ങനെയൊരു നിയമം പുറത്തിറക്കിയത്. മാർച്ച് മാസത്തോടെ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവർ സ്വയം ജോലി രാജിവയ്ക്കണമെന്നും, കൂടുതൽ വൈകിയാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്നുമായിരുന്നു കമ്പനിയുടെ നിർദ്ദേശം.
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ നിയമം വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് മനസിലാക്കിയ കമ്പനി തീരുമാനം പിൻവലിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനയിൽ വിവാഹ നിരക്ക് കുറയുന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ തീരുമാനം. മുൻവർഷങ്ങളിൽ നിന്ന് 2023-ൽ വിവാഹങ്ങളുടെ എണ്ണം 6.1 ദശലക്ഷമായി കുറഞ്ഞിരുന്നു, കൂടാതെ ജനന നിരക്കിലും കുറവ് രേഖപ്പെടുത്തിയിരുന്നു . എന്നാൽ 2024-ലെ കണക്കിൽ രാജ്യത്ത് 9.54 ദശലക്ഷം നവജാതശിശുക്കൾ ജനിച്ചതായി കണ്ടെത്തി.2017-ന് ശേഷമുള്ള ജനനനിരക്കിലെ ആദ്യത്തെ വർധനവാണിതെന്നും പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെമോഗ്രാഫർ ഹെ യാഫു പറഞ്ഞു.


