പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുറ്റൂർ മനക്കിച്ചിറ റോഡിൽ തട്ടുകട നടത്തുന്ന ജയരാജും ഭാര്യയും കട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കടയുടെ സമീപത്തുനിന്ന് കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് തണുത്ത് വിറങ്ങലിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. പുലർച്ചെ ഒന്നരയോടെ ഒരു ബൈക്ക് തട്ടുകടയ്ക്കടുത്ത് വരികയും അൽപസമയത്തിനകം തിരിച്ചുപോവുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.


