ന്യൂഡല്‍ഹി∙ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന് മുണ്ടയൂരിനും പത്മശ്രീ പുരസ്കാരം ലഭിച്ചു. ജഗദീഷ് ലാല്‍ അഹുജ (പഞ്ചാബ്), മുഹമ്മഷരീഫ് (യുപി), ജാവേദ് അഹമ്മദ് ടക് (ജമ്മു കാഷ്മീര്‍), തുളസി ഗൗഡ (കര്‍ണാടക), അബ്ദുള്‍ ജബ്ബാര്‍ (മധ്യപ്രദേശ്) എന്നീവരടക്കം 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം ലഭിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്കി ആദരിച്ചത്. അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനാണ് സത്യനാരായണന്. 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്കു വേണ്ടി പോരാടിയ അബ്ദുള്‍ ജബ്ബാറിന് മരണാനന്തര ബഹുമതിയായാണ് പത്മശ്രീ പുരസ്കാരം നല്‍കുന്നത്. 2019 നവംബര്‍ 14നാണ് അദ്ദേഹം മരിച്ചത്.


