കൊച്ചി: കെപിസിസിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കൊച്ചി മേയറെ തീരുമാനിച്ചതെന്ന് ആവർത്തിച്ച് ദീപ്തി മേരി വർഗീസ്. തനിക്ക് കൗൺസിലർമാരുടെ പിന്തുണ ഇല്ല എന്ന് പറയുന്നത് തെറ്റാണ്. കോർ കമ്മിറ്റി ചേരാതെയാണ് തീരുമാനമെടുത്തതെന്നും ദീപ്തി പറയുന്നു. ഇന്നലെ വൈകിട്ട് വരെ കോർ കമ്മിറ്റി ചേർന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ
തീരുമാനം മറ്റൊന്ന് ആകുമായിരുന്നു. മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ
നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകും. മറ്റ് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ല. സ്ഥാനങ്ങൾ മോഹിച്ചല്ല രാഷ്ട്രീയത്തിൽ വന്നത്. നടപടിക്രമങ്ങൾ പാലിക്കാത്തത്തിൽ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.അതേസമയം കൊച്ചി മേയർ സ്ഥാനം വി.കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള ഡിസിസി പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിനാണ് ദീപ്തി അനുകൂലികളുടെ ആലോചന. പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു.


