കാസർകോട്: കാസർകോട്ട് ഗായകനും വ്ലോഗറുമായ ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്.
സംഘാടകര്‍ പൊലീസ് മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. മനുഷ്യജീവനും, പൊതുസുരക്ഷയ്ക്കും അപകടം വരുന്ന രീതിയിൽ പ്രവർത്തിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 3000 പേർക്ക് അനുമതി നൽകിയ പരിപാടിയിൽ നാലിരട്ടിയോളം ആളുകളെ പങ്കെടുപ്പിച്ചെന്നും പൊലീസ് പറയുന്നു.പതിനായിരത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നും പൊലീസ് പറയുന്നു.
തിക്കും തിരക്കും കാരണം പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിർത്തി വെപ്പിച്ചത്. ആളുകളെ പിച്ച വിടാൻ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.


