തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് വെള്ളവും വളവും നല്‍കുകയാണ് എ കെ ആന്റണി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെആന്റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്. കേരളത്തില്‍ ബിജെപിക്ക് വളരാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം സര്‍ക്കാരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുളള തന്ത്രവുമാണതെന്നും പിണറായി വിജയന് പറഞ്ഞു.
യഥാര്‍ത്ഥ ഭക്തരെ സംരക്ഷിച്ചും ദര്‍ശന സൗകര്യമൊരുക്കിയും സര്‍ക്കാര്‍ നിര്‍വഹിച്ച ദൗത്യം കോടതിയോടൊപ്പം പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ചുമതല പൊലീസിനാണെന്ന് ഓര്‍മിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയതാണ്. നിരോധനാജ്ഞ ഭക്തര്‍ക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി വ്യക്തമായി പറഞ്ഞു. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കാന്‍ പ്രതിഷേധക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പിണറായി വിജയന് വ്യക്തമാക്കി.

