പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയിൽ സിപിഐ ഇരുട്ടിലാണ്. പത്രവാർത്തകളിലൂടെ അല്ലാതെ കാര്യങ്ങൾ അറിയില്ല. മുന്നണി മര്യാദയുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. സിപിഐയുടെ നിലപാട് ചുരുങ്ങിയ വാക്കുകളിൽ നേരത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിക്കകത്ത് ഇനിയും ചർച്ചകൾ വേണ്ടിവരും. ഈ മാസം 27ന് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ചേരും. നയപരമായ കാര്യങ്ങളിൽ പാർട്ടിക്ക് വഴികാട്ടി പാർട്ടി എക്സിക്യൂട്ടീവാണ്.
എൽഡിഎഫിന്റെ പിറവിയിലും വളർച്ചയിലും മറ്റ് ഏത് പാർട്ടിയേക്കാളും വലിയ പങ്കുവഹിച്ച പാർട്ടിയാണ് സിപിഐ. ചരിത്രം നോക്കുമ്പോൾ എൽഡിഎഫ് സിപിഐയെ ഓർക്കണം. പിഎം ശ്രീയിലെ പുതിയ തീരുമാനങ്ങളെ പറ്റി ഇന്നലെ മുതൽ നമ്മൾ അറിഞ്ഞു.പി.എം ശ്രീ എന്ന പേരല്ല പ്രശ്നം, NEP ഷോകേസ് ചെയ്യുന്ന പദ്ധതിയാണിത്. സിപിഐയ്ക്ക് മാത്രമല്ല ആശങ്കയെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന എല്ലാവർക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികളെ പിടികൂടാനാണ് ബിജെപിയും ആർഎസ്എസ് ശ്രമിക്കുന്നത്.സിപിഐഎമ്മനും സിപിഐക്കും ഇത് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


