18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുപ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
അതേസമയം പ്രോടെം സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി ഇന്ത്യാ മുന്നണി ശക്തമായി പ്രതിഷേധിച്ചു. എട്ട് ടേമുകളില്‍ എംപിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി ഭര്‍തൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് വിട്ടുനിന്നു. കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.