നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.പ്ലസ്വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരിലും മലപ്പുറത്തും എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു.
പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തളളും. മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.