മുംബൈ: ലൈംഗിക പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജൂണ്‍ 27ന് കോടതി വിധി പറയും. ഇന്ന് ഉച്ചയ്ക്ക് ശേഷം വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുംബൈ സെഷന്‍സ് കോടതിയിലെ ജഡ്ജി അവധിയായതിനാല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
വര്‍ഷങ്ങളായി ബിനോയിയുമായി ബന്ധമുണ്ടെന്ന് യുവതി തന്നെ പറയുന്പോള്‍ കേസില്‍ ബലാത്സംഗക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിക്കുകയായിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിനോയി കോടതിയെ സമീപിച്ചതോടെ മുംബൈ പോലീസ് അറസ്റ്റിനുള്ള നീക്കം ഉപേക്ഷിച്ചു. ഹര്‍ജിയില്‍ വിധി വന്നശേഷം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. യുവതി പരാതി കൊടുത്തതിന് പിന്നാലെ ബിനോയി കോടിയേരി ഒളിവില്‍ പോയിരിക്കുകയാണ്.


