കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാരിന്റെ വകയായി അഞ്ചുലക്ഷം രൂപ ധനസഹായവും ബിപ്ലബ് കുമാര്‍ പ്രഖ്യാപിച്ചു.
സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്തിന്റെ കൊലപാതകമെന്നും ബിപ്ലബ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ കേരളത്തിലും ത്രിപുരയിലും സിപിഎമ്മിന് ഒരേ നിലപാടാണെന്നും ബിപ്ലബ് ആരോപിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ച മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാരും പോകുന്നത്. ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്നത് പോലെ കേരളത്തിലും സിപിഎം ബിജെപി പ്രവര്‍ത്തകരെ കൊല്ലുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമല്ല ചെങ്ങന്നൂരിലുണ്ടാകുകയെന്നും ബിപ്ലബ് പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിപ്ലബ് കുമാര്‍ കേരളത്തിലെത്തിയത്. ബിജെപി നേതാക്കളായ പി.കെ.കൃഷ്മദാസ്,എ.എന്‍.രാധാകൃഷണന് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ശ്രീജിത്തിന്റെ വീട്ടിലെത്തിയത്.


