കൊച്ചി: മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വേണമെന്ന ഹര്‍ജി വിപുലമായ ബെഞ്ചിന് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കേസില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന കേസില്‍ നിലവിലെ ബെഞ്ച് തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ വിപുലമായ ബെഞ്ച് ഉണ്ടാക്കി അഞ്ചംഗ ബെഞ്ച് വിശദമായ വാദം കേള്‍ക്കട്ടെ എന്ന് ജസ്റ്റിസ് പി എന്‍ രവീന്ദ്രന് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.
‘മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതിക്ക് സംശയമുണ്ട്. സുപ്രീംകോടതി മുന്‍ ഉത്തരവുകള്‍ നിയന്ത്രണം കൊണ്ടു വരുന്നതിന് തടസ്സം നില്‍ക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല’, എന്ന് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
‘മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടലുകളുടെ ആവശ്യമുണ്ട്. പക്ഷെ ഏതുതരത്തില്‍ ഇടപെടാന്‍ കഴിയുമെന്നതില്‍ കോടതിക്ക് ചില സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് അഞ്ചംഗ ബെഞ്ച് ഉണ്ടാക്കി വിശദമായ വാദം കേട്ട് തീരുമാനിക്കട്ടെ എന്ന് മൂന്നംഗ ബെഞ്ച് തീരുമാനിച്ചത്. നിലവില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരാന്‍ മൂന്നംഗ ബെഞ്ച് തയ്യാറായില്ല.


