തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന കാലത്തും മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ‘മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. 2007 മുതല്‍ ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിച്ചുവരികയാണ്. ലോക രാജ്യങ്ങള്‍ മലമ്പനിയ്ക്കെതിരായി ഇതുവരെ നടത്തിയതും ഇനി തുടരേണ്ടതുമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കൊതുകില്‍ നിന്നും രക്ഷ നേടിയാല്‍ തന്നെ മലമ്പനിയില് നിന്നും രക്ഷ നേടാവുന്നതാണ്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണം ശക്തിപ്പെടുത്തേണ്ടതാണ്. മലമ്പനിയ്ക്ക് മറ്റു പനിയുടെ ലക്ഷണങ്ങളുമായി സാമ്യ മുള്ളതിനാല്‍ പനി, മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അംഗീകൃത ചികിത്സാ മാര്‍ഗരേഖ പ്രകാരം മലമ്പനിക്കെതിരായ ഫലപ്രദമായ സമ്പൂര്‍ണ ചികിത്സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില്‍ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലമ്പനി നിവാരണ ത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു വരികയാണ്. ഈ ലക്ഷ്യ പ്രാപ്തിക്കായി ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശ സ്വയം ഭരണ വകുപ്പിന്റേയും, ഇതര വകുപ്പുകളുടേയും, ഏജന്‍സികളുടേയും പൊതുജനങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.