തിരുനക്കര: കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷം. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യുവാക്കൾ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
ഉത്സവത്തിന് ഗാനമേള നടക്കുന്ന ദിവസങ്ങളിൽ ഇത്തരം സംഘർഷം പതിവാകുന്ന കാഴ്ചയാണ് തിരുനക്കര ക്ഷേത്രത്തിലുള്ളത്. മുൻകൂട്ടി പദ്ധതി തയ്യറാക്കി വന്നത് പോലെയുള്ള അക്രമമാണ് നടന്നത്. യുവാക്കളുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. കുരുമുളക് സ്പ്രേയും മാരകായുധങ്ങളുമായാണ് യുവാക്കളുടെ സംഘം തിരുനക്കരയിലേക്ക് എത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.സ്റ്റേജിൽ പാട്ട് നടക്കുന്നതിനിടെ പലയിടങ്ങളിലായി ചേരി തിരിഞ്ഞ് അക്രമം ഉണ്ടാവുകയായിരുന്നു. ഇതിനിടയിൽ യുവാക്കൾ നാട്ടുകാർക്ക് നേരെയും കത്തി വീശി. ഉത്സവത്തിന് വേണ്ടി ക്രമീകരിച്ച തോരണങ്ങളും മറ്റും നശിപ്പിക്കുന്ന സാഹചര്യവും തിരുനക്കരയിലുണ്ടായി. മൈക്ക് സെറ്റ് അടക്കം തകരാറിലാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അക്രമം.