തിരുവനന്തപുരം: കേരളത്തിന്റെ ജനസംഖ്യ 2036ല്‍ 3.69 കോടിയിലെത്തുമെന്ന് കേന്ദ്ര ജനസംഖ്യാ കമ്മീഷന് റിപ്പോര്‍ട്ട്. കുട്ടികളുടെയും യുവാക്കളുടെയും മധ്യവയസ്കരുടെയും എണ്ണം ഓരോ വര്‍ഷവും കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് കമ്മീഷന് പുറത്തിറക്കിയ ജനസംഖ്യാ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരുടെ ശരാശരി ആയുസ് നിലവിലെ 72.99 വയസ് എന്നത് 74.49 ആകും. സ്ത്രീകളുടെ ആയുര്‍ ദൈര്‍ഘ്യം 80.15 ആയി കൂടും. നിലവില്‍ ഇത് 78.65 ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ ജനസംഖ്യാ വര്‍ധനയുടെ തോത് നിലവിലെ 5.2 ല്‍ നിന്ന് 1.4 ആയി കുറയും. എന്നാല്‍, ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 951 ആയി ഉയരും. ജനന നിരക്ക് കുറയുകയും ആയുസ് വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ മലയാളികളുടെ ശരാശരി പ്രായം നിലവിലെ 33.51 ല്‍ നിന്ന് 39.5 ആകും. 14 വയസിനു താഴെയുള്ളവരുടെ എണ്ണം നിലവിലെ 75 ലക്ഷത്തില്‍ നിന്ന് 65 ലക്ഷമാകും. ആകെ ജനസംഖ്യയുടെ 21.8% ആണ് ഇപ്പോള്‍ കുട്ടികളുടെ എണ്ണം. ഇത്17.7% ആകും. 15- 59 പ്രായ പരിധിയിലുള്ളവരുടെ എണ്ണം 22.39 ലക്ഷത്തില്‍ നിന്ന് 21.97 ലക്ഷമായി കുറയും. അതേസമയം, 60 ന് മുകളില്‍ പ്രായമായവരുടെ എണ്ണം 50 ലക്ഷത്തില്‍ നിന്ന് 84 ലക്ഷമാകും.
വയോധികരുടെ എണ്ണം ഇപ്പോള്‍ ജനസംഖ്യയുടെ 14.5% എന്നതില്‍ നിന്ന് 22.8% ആകും. അതായത് കേരളത്തിലെ അഞ്ചിലൊരാള്‍ 60 വയസിനു മുകളിലുള്ളയാളായിരിക്കും. കുട്ടികളും വയോധികരും ഉള്‍പ്പെടുന്ന ആശ്രിത വിഭാഗത്തിന്റെ തോത് നിലവില്‍ 569 ആണെങ്കില്‍ 16 വര്‍ഷത്തിനകം 681 ആയി വര്‍ധിക്കും. ശിശു മരണ നിരക്കില്‍ കേരളം ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും (11 ല്‍ നിന്ന് 9 ല്‍ എത്തും) ചെയ്യുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2016ലെ കണക്കനുസരിച്ച് 3.45 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. പുരുഷന്മാര് 1.65 കോടിയും സ്ത്രീകള്‍ 1.79 കോടിയുമാണ്. സ്ത്രീ, പുരുഷ അനുപാതം 1084. ജന സാന്ദ്രത 890. ജനന നിരക്ക് 13.4. മരണ നിരക്ക് 7.7
2036ലെ സാധ്യതാ ജനസംഖ്യ 3.69 കോടി. പുരുഷന്മാരുടെ എണ്ണം 1.77 കോടിയും സ്ത്രീകള്‍ 1.91 കോടിയുമായിരിക്കും. സ്ത്രീ, പുരുഷ അനുപാതം 1079. ജന സാന്ദ്രത 951. ജനന നിരക്ക് 11.7. മരണ നിരക്ക് 9.7. രാജ്യത്തെ ജന സംഖ്യ 25 വര്‍ഷം കൊണ്ട് 25% വര്‍ധിക്കും. ഇന്ത്യയിലെ ജന സംഖ്യ 2036 ല്‍ 151.8 കോടിയാകുമെന്ന് റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു. അവസാനം സെന്‍സസ് നടന്ന 2011 ല്‍ 121.1 കോടിയായിരുന്നു ജനസംഖ്യ. 25 വര്‍ഷത്തിനിടെ 25% വര്‍ധന. ആകെ വര്‍ധിക്കുന്ന 31 കോടിയില്‍ 17 കോടിയും ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും. അതേസമയം കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഈ കാലയളവിലെ ജനസംഖ്യാ വര്‍ധന 2.9 കോടിയിലൊതുങ്ങും.


