തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ പൊട്ടിത്തെറി. കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് അപകടം. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.
ക്ഷേത്രത്തിന് സമീപത്തുള്ള കതിന സൂക്ഷിച്ചിരുന്ന വീട്ടിലാണ് അപകടം നടന്നത്. വെടിമരുന്നിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. വെടിമരുന്ന് സൂക്ഷിച്ചിരുന്നതിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ ഒരു കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തെറിച്ച തീപ്പൊരി വെടിമരുന്നിലേക്ക് വീണാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം.
വീട്ടിൽ കതിന സൂക്ഷിക്കുന്നതായി നാട്ടുകാർക്ക് വിവരമില്ല. ഗ്യാസ് സിലിൻ്റർ പൊട്ടിത്തെറിച്ചു എന്നായിരുന്നു നാട്ടുകാർ ആദ്യം വിചാരിച്ചിരുന്നത്. പിന്നീടുള്ള പരിശോധനയിലാണ് സംഭവം വ്യക്തമായത്.


