കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വീടൊഴിഞ്ഞു. വീടൊഴിഞ്ഞ അവര്‍ താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫീസര്‍ക്ക് കൈമാറി.
ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോല്‍ കൈമാറണമെന്ന് പ്രീതയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാനാണ് താക്കോല്‍ കൈമാറുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കാന്‍ കോടതി ഉത്തരവ് അനുസരിക്കണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
വീട് ഒഴിഞ്ഞ് താക്കോല്‍ കൈമാറിയ ശേഷം പ്രീത ഷാജിയും കുടുംബവും വൈകുന്നേരം മുതല്‍ വീട് കാവല്‍ സമരം തുടങ്ങും. വീട്ടിലേക്ക് കയറുന്ന വഴിയില്‍ ഷെഡ്ഡു കെട്ടിയാണ് പുതിയ സമരം നടത്തുക. സര്‍ഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി എന്നിവര്‍ ഇവരുടെ സമരത്തിന് പിന്തുണ നല്‍കും

