പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭയിൽ ആശങ്കയറിയിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കാത്തതിൽ സിപിഐക്ക് അമർഷം. സിപിഐ നിയമ സഭാ കക്ഷി നേതാവ് കെ രാജൻ ആശങ്ക അറിയിച്ചിട്ടും മുഖ്യമന്ത്രിയും സിപിഐഎം മന്ത്രിമാരും പ്രതികരിച്ചിരുന്നില്ല. പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് ചേരും.
ഇന്നലെ മന്ത്രിസഭാ യോഗത്തിൽ എതിര്‍പ്പ് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സിപിഐയുടെ ആശങ്കയോട് ഒന്നും പ്രതികരിച്ചില്ല. സിപിഎം നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. ഈ സാഹചര്യം ഉള്‍പ്പെടെ ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിലിൽ ചർച്ചയാകും.
പി എം ശ്രീ രാജ്യത്തെ ഫെറഡൽ – മതേതര തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. പദ്ധതി ഹിന്ദുത്വ രാഷ്ട്ര വാദത്തിനു വേണ്ടി ഉപയോഗിക്കുന്നു. പല രക്ഷിതാക്കളും കുട്ടികളെ പിഎം ശ്രീ സ്കൂളുകളിൽ നിന്നും മാറ്റിയതായി അറിയാം. പി എം ശ്രീ ഭരണഘടനവിരുദ്ധം എന്നാണ് മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാടെന്ന് ആനി രാജ വ്യക്തമാക്കി.