സിപിഎം നേതാവ് എംഎം ലോറൻസിന്റെ സംസ്കാര ചടങ്ങിലെ തർക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ല. കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎൻ മോഹനൻ പറഞ്ഞു. ഫ്രീസറില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിച്ച ആശാ ലോറന്‍സിനെയും മകന് മിലന് ലോറന്‍സിനെയും ബന്ധുക്കള്‍ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം തത്കാലം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് ആശയുടെ ഹര്‍ജി പരിശോധിച്ച ശേഷം ഹൈക്കോടതി നിര്‍ദേശം. പള്ളിയില്‍ സംസ്കരിക്കണമെന്നാണ് ആശാ ലോറന്‍സിന്റെ ആവശ്യം.
ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ടൗൺഹാളിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്.
മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള്‍ തന്റെ പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മകന് സജീവും പറയുന്നു. ഇടവകയിലെ അംഗത്വം എം എം ലോറന്‍സ് കളഞ്ഞിരുന്നില്ലെന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും മകള്‍ വാദിക്കുന്നു.


