കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബു. അരൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള പ്രാഥമിക ചർച്ചകൾ കൊച്ചിയിൽ നടന്ന ശേഷം കെ ബാബുവിനെയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
അരൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി, ഡിസിസി ഭാരവാഹികളാണ് പങ്കെടുത്തത്. ഷാനിമോൾ ഉസ്മാൻ, എം ഡിലു, കെ ബാബു, എ എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.
ഉപതെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടതായി മാധ്യമ വാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് കെ ബാബു പ്രതികരിച്ചു. ഈ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി താൻ ശ്രമിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും കെ ബാബു പറഞ്ഞു. അരൂരിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


