വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതാരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ദുരന്തബാധിതരോടുള്ള മാനുഷിക സമീപനം ബാങ്കുകള്‍ നഷ്ടപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി .ദുരന്ത ബാധിതരില്‍ നിന്ന് വായ്പ തുക തിരിച്ചുപിടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ രീതിയില്‍ ബാങ്കുകള്‍ ഇടപെടരുത്. സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.


