അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ താൻ ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചതിൽ മനംനൊന്തും അമർഷിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടുവെന്ന് നടൻ ജോയ് മാത്യു. എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ലെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരയുള്ള വിമർശനങ്ങൾക്കാണ് ജോയ് മാത്യു മറുപടി നൽകുന്നത്.
”അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനംനൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു. എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.
പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ‘ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ ‘എന്ന് പറയാവുന്ന ഒരാളെയെങ്കിലും – എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ? അങ്ങിനെയെങ്കിൽ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ് ” -ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു
അതേസമയം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു . കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിഎസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
“കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു .
പോരാട്ടങ്ങളുടെ –
ചെറുത്ത് നില്പുകളുടെ –
നീതിബോധത്തിന്റെ –
ജനകീയതയുടെ ആൾരൂപം
അതായിരുന്നു വി എസ് .
ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത്
ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു .
ജനനേതാവേ വിട”


